Newborn dead body found 2026
ഹാരിഫാക്സ്: കാനഡയിലെ നോവ സ്കോഷ പ്രവിശ്യയിലുള്ള ഹാരിഫാക്സിന് സമീപം വനമേഖലയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ ബന്ധുക്കളായ രണ്ട് ഇന്ത്യക്കാരായ പ്രവാസികളെ ഹാരിഫാക്സ് പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തു. സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അതീവ ഗുരുതരാവസ്ഥയിലായ 23 വയസ്സുകാരിയെ ഹാരിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി പ്രസവിച്ച ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് യുവതിയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.
യുവതിയുടെ പരിക്കുകൾ പ്രസവ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നും അക്രമം നടന്നതായി സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് കുഞ്ഞിനായി ഹാരിഫാക്സിലെ ക്ലേട്ടൺ പാർക്ക് പരിസരത്ത് പോലീസും വോളന്റിയർമാരും വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച യുവതിയുമായി ബന്ധമുള്ള നാല് പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
തുടർന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരം 3:20 ഓടെ ഗുഡ്‌വുഡിലെ പ്രോസ്പെക്റ്റ് റോഡിന് സമീപമുള്ള വനമേഖലയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പോലീസ് പിന്നീട് വിട്ടയച്ചു.
കുഞ്ഞിന്റെ കൃത്യമായ മരണകാരണം കണ്ടെത്തുന്നതിനായി മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച ഹാരിഫാക്സ് പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ കാനഡ വാർത്തകൾക്കായി CANADA വിഭാഗം സന്ദർശിക്കുക





















