ഒന്റാറിയോയിൽ ഇന്ററാക് ഇ-ട്രാൻസ്ഫർ (Interac e-Transfer) വഴി പണം അയച്ചപ്പോൾ സംഭവിച്ച ചെറിയൊരു അശ്രദ്ധ കാരണം ഉപഭോക്താവിന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തന്റെ രോഗിയായ അമ്മയെ പരിചരിക്കുന്ന കെയർഗിവർക്ക് നൽകേണ്ടിയിരുന്ന 1,900 കനേഡിയൻ ഡോളർ ഫോൺ നമ്പറിലെ ഒരു അക്കത്തിന്റെ വ്യത്യാസം കാരണം അപരനായ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറപ്പോവുകയായിരുന്നു. പണം സ്വീകരിച്ച വ്യക്തി അത് തിരികെ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ തുക വീണ്ടെടുത്തു നൽകാൻ കഴിയില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയായിരുന്നു.
കാനഡയിലെ പ്രമുഖ ബാങ്കിംഗ് ശൃംഖലയായ Scotiabank വഴി ഒന്റാറിയോ സ്വദേശിനിയായ ലയണ ഫ്ലെച്ചർ ആണ് ഈ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. കെയർഗിവറുടെ പുതിയ ഫോൺ നമ്പർ ഡിജിറ്റൽ കോൺടാക്റ്റ് ലിസ്റ്റിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച അക്ഷരപ്പിശകാണ് തുക തെറ്റായ വ്യക്തിയിലേക്ക് എത്തിച്ചേരാൻ കാരണമായത്. പണം സ്വീകരിച്ച വ്യക്തിയുടെ അക്കൗണ്ടിൽ ‘ഓട്ടോ-ഡെപ്പോസിറ്റ്’ (Auto-Deposit) സംവിധാനം സജീവമായിരുന്നതിനാൽ, സെക്യൂരിറ്റി ചോദ്യങ്ങളുടെ ആവശ്യമില്ലാതെ തന്നെ തുക നിമിഷങ്ങൾക്കകം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയ ഉടൻ തന്നെ ഫ്ലെച്ചർ ബാങ്കിനെയും പൊലീസിനെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ബാങ്കിംഗ് നിയമങ്ങൾ അനുസരിച്ച് ഇ-ട്രാൻസ്ഫർ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ അന്തിമവും റദ്ദാക്കാൻ കഴിയാത്തതുമാണ് (Irreversible). ഓട്ടോ-ഡെപ്പോസിറ്റ് ചെയ്യപ്പെട്ട തുക അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് നിയമപരമായ അധികാരമില്ലെന്ന് സ്കോശ്യാബാങ്ക് വക്താക്കൾ വ്യക്തമാക്കി. ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ പൂർണ്ണ ഉത്തരവാദിത്തം പുലർത്തണമെന്നും, സ്വീകർത്താവിന്റെ പേരും വിവരങ്ങളും ഒന്നിലധികം തവണ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ബാങ്കിംഗ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ ഈ തുക തിരികെ ലഭിക്കണമെങ്കിൽ പണം കൈപ്പറ്റിയ വ്യക്തി സ്വമേധയാ തയ്യാറാകുകയോ അല്ലെങ്കിൽ സിവിൽ കോടതി വഴി നിയമനടപടി സ്വീകരിക്കുകയോ മാത്രമാണ് ഏക വഴി.
ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന കനേഡിയൻ മലയാളി സമൂഹവും ഇത്തരം ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. പണം അയക്കുന്നതിന് മുൻപ് സ്വീകർത്താവിന്റെ ഇമെയിൽ വിലാസമോ ഫോൺ നമ്പറോ കൃത്യമാണെന്ന് ഉറപ്പാക്കുക, വലിയ തുകകൾ കൈമാറുന്നതിന് മുൻപ് ഒരു ചെറിയ തുക അയച്ച് പരീക്ഷിക്കുക, ഓട്ടോ-ഡെപ്പോസിറ്റ് ഉള്ള അക്കൗണ്ടുകളാണെങ്കിൽ സ്ക്രീനിൽ കാണിക്കുന്ന പേര് ശരിയാണെന്ന് പരിശോധിക്കുക എന്നിവയിലൂടെ ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാവുന്നതാണ്.




















