Amy Ayers family living in tent Ottawa forest
ഒട്ടാവ: കാനഡയിലെ നിയന്ത്രണാനാതീതമായ ഭവനപ്രതിസന്ധിയും വർദ്ധിച്ചുവരുന്ന വാടകനിരക്കുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി ഒട്ടാവയിലെ ഒരമ്മയ്ക്ക് തന്റെ കൗമാരക്കാരായ മക്കളും വളർത്തുമൃഗങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം നഗരത്തിലെ ഒരു കാട്ടിൽ ടെന്റടിച്ച് താമസിക്കേണ്ടി വന്ന വാർത്ത പുറത്തു വന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് ‘ആമി അയേഴ്സ്’ എന്ന ഈ സ്ത്രീ വെളിപ്പെടുത്തി. സാമൂഹിക പ്രവർത്തകർ ഇതിനെ ‘മറഞ്ഞിരിക്കുന്ന ഭവനരഹിതത്വം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
തങ്ങളെ എല്ലാവരെയും ഒരുമിച്ച് താമസിപ്പിക്കാൻ ഒട്ടാവ നഗരത്തിലെ താല്കാലിക ഷെൽട്ടറുകളിൽ മതിയായ സ്ഥലമില്ലായിരുന്നു. കൂടാതെ ഇത്തരം ഷെൽട്ടറുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്തതുമാണ് ആമിക്ക് ഈ കടുത്ത വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. പ്രതിസന്ധി ഘട്ടത്തിലും തന്റെ കുടുംബത്തെ ഒന്നിച്ച് നിർത്തുക എന്നതായിരുന്നു പ്രധാനം.
കോവിഡ് മഹാമാരിക്ക് ശേഷം മാനസികാരോഗ്യ കാരണങ്ങളാൽ താൻ ചെയ്തുവന്ന പേഴ്സണൽ കെയർ വർക്കർ ജോലി ആമിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നിലവിൽ ഒന്റാറിയോ വർക്സിന്റെ സാമൂഹിക സാമ്പത്തിക സഹായത്തെയാണ് ഇവർ ആശ്രയിക്കുന്നത്. ഇവരുടെ മൂത്ത മകൻ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ മുഴുവൻ സമയ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിലെ ഉയർന്ന വാടകയും മറ്റ് ജീവിതച്ചെലവുകളും വഹിക്കാൻ ഈ വരുമാനം പര്യാപ്തമാകുന്നില്ല.
മകന്റെ ശമ്പളവും സാമൂഹിക സഹായവും ഉൾപ്പെടെ ഏകദേശം 4,000 ഡോളറോളം കുടുംബത്തിന് മാസവരുമാനമുണ്ട്. എങ്കിലും നഗരത്തിലെ ഭീമമായ വാടക നൽകിക്കഴിഞ്ഞാൽ ഭക്ഷണം, ഇന്ധനം, മെഡിക്കൽ ചെലവുകൾ, വാഹന ഇൻഷുറൻസ് എന്നിവയ്ക്ക് പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കൂടാതെ സാമൂഹിക സഹായം കൈപ്പറ്റുന്നവർക്ക് വാടകയ്ക്ക് വീട് നൽകാൻ പല ഉടമകളും വിമുഖത കാണിക്കുന്നതായും ആമി അയേഴ്സ് കൂട്ടിച്ചേർത്തു. നിലവിൽ ഒരു സുഹൃത്ത് താത്കാലികമായി ഇവർക്ക് താമസിക്കാൻ ഇടം നൽകിയിട്ടുണ്ടെങ്കിലും സ്ഥിരമായ ഒരു ഭവനം കണ്ടെത്തുക എന്നത് ഇവർക്ക് ഇപ്പോഴും അസാധ്യമായി തുടരുകയാണ്.
ഒട്ടാവയിലെ ഷെൽട്ടർ സംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയും സബ്സിഡി നിരക്കിലുള്ള ഭവനങ്ങൾക്കായുള്ള കാത്തിരിപ്പ് പട്ടിക വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം പതിനാറായിരത്തിലധികം കുടുംബങ്ങളാണ് നിലവിൽ ഒട്ടാവയിലെ സബ്സിഡി ഭവന കാത്തിരിപ്പ് പട്ടികയിലുള്ളത്. ഇതിലൂടെ ഒരു വീട് അനുവദിച്ചു കിട്ടാൻ ശരാശരി അഞ്ച് മുതൽ എട്ട് വർഷം വരെ സമയമെടുക്കുമെന്നാണ് ഒട്ടാവ സിറ്റി സ്റ്റാഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാനഡയിലെ ഷെൽട്ടറുകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും കുട്ടികളും കുടുംബങ്ങളുമാണെന്നും കനേഡിയൻമാരിൽ നാൽപ്പത് ശതമാനത്തോളം പേർക്ക് പ്രതിമാസം പരമാവധി 1,700 ഡോളർ മാത്രമേ വാടകയിനത്തിൽ താങ്ങാൻ സാധിക്കുകയുള്ളൂ എന്നും ‘അലയൻസ് ടു എൻഡ് ഹോംലെസ്നെസ് ഒട്ടാവ’യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൈറ്റ് ബർഖോൾഡർ ഹാരിസ് പറഞ്ഞു. ഇതൊരു പ്രവിശ്യാ-ദേശീയ പ്രശ്നമാണെന്നും കുറഞ്ഞ വരുമാനക്കാർക്ക് അനുയോജ്യമായ ഭവന നിർമ്മാണ പദ്ധതികളുമായി സർക്കാർ അടിയന്തിരമായി മുന്നോട്ട് വരണമെന്നും അവർ കൂട്ടിച്ചേർത്തു.

























