തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ഇടിമിന്നലോടുകൂടിയ നേരിയ മുതൽ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ, ഇന്ന് സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. ഏപ്രിൽ 7, 8 തീയതികളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റോടുകൂടിയ മഴക്കും, ഏപ്രിൽ 9-ന് ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ ഇടിമിന്നലിനും ശക്തമായ കാറ്റിനും എതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

























