സെന്റ് തോമസ്: വാടക വീടുകളിൽ കഴിയുന്ന സെന്റ് തോമസ്-എൽജിൻ നിവാസികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നഗരസഭ കൈത്താങ്ങാകുന്നു. ഏപ്രിൽ 20-ന് നടന്ന കൗൺസിൽ യോഗത്തിലാണ് ‘സെന്റ് തോമസ്-എൽജിൻ അഫോർഡബിൾ ഹോം ഓണർഷിപ്പ് പ്രോഗ്രാം’ (AHP) പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഈ പദ്ധതി പ്രകാരം അർഹരായവർക്ക് വീട് വാങ്ങുന്നതിനായുള്ള ഡൗൺ പേയ്മെന്റ് തുക പലിശരഹിത വായ്പയായി ലഭിക്കും. 20 വർഷം ആ വീട്ടിൽ തന്നെ താമസിക്കുകയാണെങ്കിൽ ഈ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല (Forgivable loan) എന്നതാണ് ഇതിന്റെ പ്രത്യേകത.
സാമ്പത്തിക സഹായം എത്ര?
വീട് വാങ്ങുന്ന തുകയുടെ 5 ശതമാനം വരെയാണ് സഹായമായി ലഭിക്കുക. പരമാവധി 25,000 കനേഡിയൻ ഡോളർ വരെ ഇത്തരത്തിൽ ലഭിക്കും. അടുത്ത മാസം മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ഹൗസിംഗ് സ്റ്റെബിലിറ്റി സർവീസസ് സൂപ്പർവൈസർ എല്ലെൻ ഹിക്കി അറിയിച്ചു. ഏകദേശം 10 അപേക്ഷകളെങ്കിലും ഈ ഘട്ടത്തിൽ സ്വീകരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
ഈ ആനുകൂല്യം ലഭിക്കുന്നതിനായി താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
-
പ്രായം: കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
-
താമസം: നിലവിൽ സെന്റ് തോമസിലോ എൽജിൻ കൗണ്ടിയിലോ വാടകയ്ക്ക് താമസിക്കുന്നവരാകണം.
-
പദവി: കാനഡയിലെ നിയമപരമായ താമസക്കാരനായിരിക്കണം.
-
ആദ്യ വീട്: ആദ്യമായി വീട് വാങ്ങുന്നവർ ആയിരിക്കണം. നിലവിൽ മറ്റെവിടെയെങ്കിലും വീടോ മറ്റ് വസ്തുവകകളോ സ്വന്തമായി ഉണ്ടാകാൻ പാടില്ല.
-
വരുമാന പരിധി: വാർഷിക വരുമാനം വ്യക്തികൾക്ക് 113,900 ഡോളറിലും കുടുംബങ്ങൾക്ക് (രണ്ടോ അതിലധികമോ അംഗങ്ങൾ) 135,000 ഡോളറിലും താഴെയായിരിക്കണം.
-
ആസ്തി: ആകെ ആസ്തി 50,000 ഡോളറിൽ താഴെയായിരിക്കണം.
സെന്റ് തോമസിൽ നിന്നുള്ള കൂടുതൽ വാർത്തകൾക്കായി st.Thomas വിഭാഗം സന്ദർശിക്കുക.
വാങ്ങിയ വീട് 20 വർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ, വായ്പ തുക നഗരസഭയ്ക്ക് തിരികെ നൽകേണ്ടി വരും. ഇത്തരത്തിൽ തിരികെ ലഭിക്കുന്ന തുക ഭാവിയിൽ മറ്റ് അപേക്ഷകരെ സഹായിക്കാനായി ഉപയോഗിക്കുമെന്ന് മേയർ ജോ പ്രെസ്റ്റൺ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി City of St. Thomas ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

























