വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അമേരിക്ക. ഇതിന് തൊട്ടുപിന്നാലെ മേഖലയിൽ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി. യുഎസ് സേനയ്ക്കും അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്കും ഭീഷണിയായ ഇറാൻ ഡ്രോൺ വിന്യാസത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച നടന്ന സൈനിക നടപടിയിൽ ഇറാന്റെ നാല് ആക്രമണ ഡ്രോണുകൾ വെടിവെച്ചിട്ടതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇതിന് പുറമെ പ്രമുഖ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഡ്രോൺ നിയന്ത്രണ കേന്ദ്രവും യുഎസ് വ്യോമസേന തകർത്തു. ഇവിടെ നിന്നും അഞ്ചാമതൊരു ഡ്രോൺ വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന യുഎസ്-ഇറാൻ താൽക്കാലിക വെടിനിർത്തൽ കരാർ നിലനിർത്താനുള്ള പ്രതിരോധ നടപടി മാത്രമാണിതെന്ന് യുഎസ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനുമായി ചേർന്ന് ഇറാൻ താൽക്കാലിക കരാർ ഉണ്ടാക്കിയെന്ന വാർത്തകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളി. ഈ തന്ത്രപ്രധാനമായ ജലപാതയുടെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടൊപ്പം ഇറാന്റെ സഖ്യരാജ്യമായ ഒമാനെതിരെ കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണ്. അതിൽ ആർക്കും പ്രത്യേക അധികാരം നൽകില്ല. ഒമാൻ മറ്റ് രാജ്യങ്ങളെപ്പോലെ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണം. അതിന് വിസമ്മതിച്ചാൽ അവരെ തകർക്കേണ്ടി വരും.” മാധ്യമങ്ങൾക്ക് മുന്നിൽ ട്രംപ് നിലപാട് വ്യക്തമാക്കി. വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് തനിക്ക് യാതൊരു സമ്മർദ്ദവും ഉണ്ടാക്കുന്നില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് തന്നെയാണ് മുൻഗണനയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ഈ ഭീഷണി രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ഇറാന്റെ ദേശീയ സുരക്ഷാ സമിതി തലവൻ ഇബ്രാഹിം അസീസി പ്രതികരിച്ചു. യുഎസ് ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയിൽ നിന്നും പിന്മാറില്ലെന്നും ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഇതിനിടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നൂറ്റിയിരുപതിലധികം വ്യോമാക്രമണങ്ങൾ നടത്തി. തെക്കൻ ലെബനനിലെ താമസക്കാരോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാതെ യുഎസുമായുള്ള ഒരു സമാധാന ചർച്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് ഇറാൻ. ഫെബ്രുവരിയിൽ ആരംഭിച്ച ഈ യുദ്ധം കാരണം അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില കുതിച്ചുയരുകയും ആഗോള വിതരണ ശൃംഖല തകരുകയും ചെയ്തിട്ടുണ്ട്.
























