കന്യാകുമാരി: തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. റോഡ് ഷോയുടെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌യുടെ അടുത്തേക്ക് ജനക്കൂട്ടത്തിൽ നിന്നും ഒരാൾ ‘ഫ്ളവർ ബോൾ’ എറിഞ്ഞതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്.
വൈറലായ ദൃശ്യങ്ങൾ
ആരാധകൻ എറിഞ്ഞ പൂപ്പന്ത് വരുന്നത് കണ്ട് വിജയ് പെട്ടെന്ന് സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ബോംബാണെന്ന് കരുതിയാണോ വിജയ് പരിഭ്രമിച്ച് ഓടിയതെന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികൾ പരിഹാസം തുടങ്ങിക്കഴിഞ്ഞു. വിജയ് ഓടിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുകയും താരം വേഗത്തിൽ തന്റെ കാരവനിലേക്ക് മാറുകയും ചെയ്തു. എന്നാൽ വൻ ജനത്തിരക്ക് കാരണമാണ് അദ്ദേഹം മാറിയതെന്നാണ് ആരാധകരുടെ പക്ഷം.
സർക്കാരിനെതിരെ രൂക്ഷവിമർശനം
വീഡിയോ വിവാദങ്ങൾക്കിടയിലും ഡിഎംകെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കന്യാകുമാരിയിൽ വിജയ് ഉന്നയിച്ചത്. തമിഴ്‌നാട്ടിൽ അഴിമതി വ്യാപകമാണെന്നും താൻ അധികാരത്തിലെത്തിയാൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി ഓരോ പൗരനും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുമെന്നും ഇടനിലക്കാരില്ലാത്ത ഭരണം ഉറപ്പാക്കുമെന്നും വിജയ് വ്യക്തമാക്കി.
പ്രചാരണത്തിൽ നിന്ന് വിജയ് ഇടവേള എടുക്കുകയാണെന്ന ഡിഎംകെയുടെ പരിഹാസങ്ങൾക്ക് മറുപടിയെന്നോണം വൻ ജനപങ്കാളിത്തമാണ് കന്യാകുമാരിയിലെ റോഡ് ഷോയിൽ ദൃശ്യമായത്.

























