തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഓൺലൈനിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട അഞ്ച് മിനിറ്റിലധികം വരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന ഈ ചിത്രം ജനുവരിയിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ ദൃശ്യചോർച്ച അണിയറപ്രവർത്തകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വിജയ്‌യുടെ മാസ് ഇൻട്രൊഡക്ഷൻ രംഗം, “ദളപതി കച്ചേരി” എന്ന് തുടങ്ങുന്ന പാട്ടിന്റെ ഭാഗങ്ങൾ, ജയിലിലെ രംഗങ്ങൾ, സംഘട്ടനരംഗം എന്നിവയാണ് ചോർന്ന ദൃശ്യങ്ങളിലുള്ളത്. ഹൈ-ക്വാളിറ്റി പ്രിന്റിലുള്ള ദൃശ്യങ്ങൾ വെള്ളിയാഴ്ചയോടെയാണ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് യു/എ (UA) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്.
സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദ് കടുത്ത നിരാശ രേഖപ്പെടുത്തി. “ഓരോ രംഗത്തിന് പിന്നിലും ഒരാളുടെ സ്വപ്നമുണ്ട്. റിലീസിന് മുൻപേയുള്ള ഈ ചോർച്ച സത്യത്തിൽ വേദനിപ്പിക്കുന്നതാണ്. ദയവായി ദൃശ്യങ്ങൾ പങ്കുവെക്കാതെ സിനിമയെ പിന്തുണയ്ക്കുക,” എന്ന് വിനോദ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകിയതായി ആരാധകർ അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ മുഴുവൻ ഭാഗവും ചോർന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല.


























