തൃശൂർ: ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയ്ക്കടിയിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. തൃശൂർ കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോദിനും കടിയേറ്റു. അനോദ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവം ഇങ്ങനെ:
പുലർച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വായയിൽ നിന്ന് നുരയും പതയും വരികയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായിില്ല. ആശുപത്രിയിൽ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്.
തലയണയ്ക്കടിയിൽ വെള്ളിക്കെട്ടൻ:
ആശുപത്രിയിൽ നിന്ന് വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കട്ടിലിൽ തലയണയുടെ അടിയിലായിരുന്നു പാമ്പ് ഒളിച്ചിരുന്നത്. അതിശക്തമായ വിഷമുള്ള ശങ്കുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. കുട്ടികളുടെ ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ പാടുകളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ വീടിനുള്ളിൽ കടന്നുകൂടാൻ സാധ്യതയുള്ള വെള്ളിക്കെട്ടൻ പാമ്പുകളുടെ കടിയേറ്റാൽ വേദന അനുഭവപ്പെടാത്തതിനാൽ പലപ്പോഴും അപകടം തിരിച്ചറിയാൻ വൈകുന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നു.


























