ബീജിംഗ്: അബദ്ധത്തിൽ സ്വന്തം മുറിയിൽ കുടുങ്ങിപ്പോയ 89 വയസ്സുകാരി രക്ഷപ്പെടാനായി തിരഞ്ഞെടുത്തത് അതിസാഹസികമായ വഴി. ചൈനയിലെ ബീജിംഗിലുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ 27-ാം നിലയിൽ നിന്ന് 21-ാം നില വരെ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെ ഇവർ പിടിച്ചിറങ്ങി. ഏപ്രിൽ 1-ന് നടന്ന ഈ അവിശ്വസനീയ സംഭവം സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
മുറിക്കുള്ളിൽ കുടുങ്ങിയ ഇവർക്ക് സഹായത്തിനായി ആരെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ജനാലയിലൂടെ പുറത്തിറങ്ങി താഴേക്ക് നീങ്ങിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ, എയർ കണ്ടീഷണറുകൾ സ്ഥാപിച്ച ഇടുങ്ങിയ മെറ്റൽ കൈവരികളിൽ മാത്രം പിടിച്ചായിരുന്നു ഈ ‘സ്‌പൈഡർ വുമൺ’ പ്രകടനം. 26-ാം നിലയിൽ മുത്തശ്ശി തൂങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികളാണ് ഉടൻ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചത്.
രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും അവർ ആറ് നിലകൾ പിന്നിട്ട് 21-ാം നിലയിലെത്തിയിരുന്നു. ഉടൻ തന്നെ സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിലൂടെ മുത്തശ്ശിയെ സുരക്ഷാ കയറുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കുകയും കൈവരി മുറിച്ചുമാറ്റി സുരക്ഷിതമായി അകത്തെത്തിക്കുകയും ചെയ്തു. അതിസാഹസികമായ ഈ നീക്കത്തിനൊടുവിൽ പരിക്കുകളൊന്നുമില്ലാതെ ഇവർ രക്ഷപ്പെട്ടത് കണ്ടുനിന്നവരെയെല്ലാം അമ്പരപ്പിച്ചു. ഈ പ്രായത്തിലും അവർ കാണിച്ച മനക്കരുത്തിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.


























