Brampton free sports equipment lockers
ബ്രാമ്പ്‌റ്റൺ: കാനഡയിലെ ബ്രാമ്പ്‌റ്റൺ നഗരവാസികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ പദ്ധതിയുമായി നഗരസഭ. പാർക്കുകളിലും ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങളിലും സ്പോർട്സ് സാമഗ്രികൾ സൌജന്യമായി ലഭ്യമാക്കുന്ന ലോക്കറുകളാണ് സിറ്റി ഓഫ് ബ്രാമ്പ്‌റ്റൺ സ്ഥാപിക്കുന്നത്. ‘ഇക്വിപ് സ്പോർട്’ , ‘കനേഡിയൻ ടയർ ജംപ്സ്റ്റാർട്ട് ചാരിറ്റീസ്’ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പൈലറ്റ് പ്രൊജക്റ്റിന്റെ ഭാഗമായി നഗരത്തിലുടനീളമുള്ള 30 കേന്ദ്രങ്ങളിലാണ് ഈ സ്വയംപ്രവർത്തിത ലോക്കറുകൾ സജ്ജമാക്കുന്നത്.
ലോക്കറുകൾ സ്ഥാപിക്കുന്ന പാർക്കുകളുടെ സൗകര്യം അനുസരിച്ച് ബാസ്കറ്റ്ബോൾ, സോക്കർ ബോൾ, ഫ്രിസ്ബീ, ഫുട്ബോൾ തുടങ്ങിയ വിവിധ കായിക ഉപകരണങ്ങളാണ് ഇതിൽ ലഭ്യമാകുക.
പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലോക്കറുകൾ പ്രവർത്തിക്കുന്നത്. പാർക്കിലെത്തുന്ന നഗരവാസികൾക്ക് ‘ഇക്വിപ് സ്പോർട്‘ മൊബൈൽ ആപ്പ് ഉപയോഗിച്ച് ലോക്കറുകൾ തുറന്ന് തങ്ങൾക്ക് ആവശ്യമുള്ള കായിക സാമഗ്രികൾ എടുക്കാം. കളി കഴിഞ്ഞ ശേഷം ഇവ ലോക്കറുകളിൽ തന്നെ തിരികെ ലോക്ക് ചെയ്യണം. ഈ സേവനം പൂർണ്ണമായും സൌജന്യമാണ്. ആപ്പ് ഉപയോഗിക്കുന്നതിന് ക്രെഡിറ്റ് കാർഡ് വിവരങ്ങളോ മറ്റ് പേയ്‌മെന്റുകളോ നൽകേണ്ടതില്ലെന്ന് ബ്രാമ്പ്‌റ്റൺ നഗരസഭ വ്യക്തമാക്കി.
ജംപ്സ്റ്റാർട്ട് ചാരിറ്റീസ് പൂർണ്ണമായി ഫണ്ട് ചെയ്യുന്നതിനാൽ നഗരസഭയ്ക്കോ പൊതുജനങ്ങൾക്കോ ഈ പദ്ധതിയിലൂടെ യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ല. സ്വന്തമായി വിലകൂടിയ സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കും, മുൻകൂട്ടി പ്ലാൻ ചെയ്യാതെ പാർക്കുകളിൽ കളിക്കാനെത്തുന്നവർക്കും ഈ സൌകര്യം വലിയ പ്രയോജനം ചെയ്യും.
വിനോദങ്ങളും കായിക മേഖലയും എല്ലാവർക്കും ഒരുപോലെ പ്രാപ്യമായിരിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രാമ്പ്‌റ്റൺ മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. ഈ പുതിയ പദ്ധതിയിലൂടെ പ്രായഭേദമന്യേ എല്ലാ നഗരവാസികൾക്കും സജീവമായിരിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള തടസ്സങ്ങൾ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ പൈലറ്റ് പ്രൊജക്റ്റിന്റെ വിജയം വിലയിരുത്തിയ ശേഷം കൂടുതൽ പാർക്കുകളിലേക്ക് ലോക്കർ സംവിധാനം വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.





















