ലണ്ടൻ : ലണ്ടൻ നഗരത്തിന്റെ കിഴക്കൻ മേഖലയിൽ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി യുവാവിനെ ബലമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. ഗ്രാൻഡ് ബെൻഡ് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെയാണ് ലണ്ടൻ പോലീസ് സർവീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പങ്കാളിയായ രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ രണ്ടിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ റിവർ റോഡിലെ ഒരു വീടിന് മുന്നിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
സിവിൽ വസ്ത്രം ധരിച്ച് ഗ്രേ നിറത്തിലുള്ള ജീപ്പ് എസ്‌യുവി വാഹനത്തിലെത്തിയ രണ്ട് പേർ, വീട്ടുടമസ്ഥനായ യുവാവിനോട് തങ്ങൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും ഇയാൾ അറസ്റ്റിലാണെന്ന് അറിയിക്കുകയുമായിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇര, തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും തുടർന്ന് സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഈ സമയത്ത് പ്രതികളിൽ ഒരാൾ അതിക്രമിച്ചു വീട്ടിനുള്ളിൽ കയറിയെങ്കിലും ഉടൻ തന്നെ രണ്ട് പ്രതികളും വാഹനത്തിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തുടർന്ന് ലണ്ടൻ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പിറ്റേദിവസം ആഷ്‌ലി ക്രസന്റിലെ ഒരു വസതിയിൽ വെച്ച് ഒന്നാം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌യുവി വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ജൂൺ എട്ടിന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോയ രണ്ടാമത്തെ പ്രതി ഏകദേശം 6 അടി 4 ഇഞ്ച് ഉയരമുള്ള, കറുത്ത ഹൂഡിയും കറുത്ത പാന്റും ധരിച്ച കറുത്ത വർഗ്ഗക്കാരനാണെന്ന് പോലീസ് അറിയിച്ചു.
കാനഡയിൽ സിവിൽ വസ്ത്രങ്ങളിൽ എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ബാഡ്ജും, ഫോട്ടോയും പേരും റാങ്കും അടങ്ങിയ വാറന്റ് കാർഡും ഉണ്ടായിരിക്കുമെന്ന് ലണ്ടൻ പോലീസ് സർവീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ എപ്പോഴും ഇത് കാണിക്കാൻ ബാധ്യസ്ഥരാണ്. ആർക്കെങ്കിലും ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ ബാഡ്ജ് പരിശോധിക്കണമെന്നും, സംശയം ദുരീകരിക്കാൻ അടിയന്തരമായി പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും സുരക്ഷാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.





















