Laos cave rescue operation gold miners
വിയന്റിയൻ: ലാവോസിലെ ഉൾക്കാട്ടിലെ ഗുഹയിൽ സ്വർണം തിരയുന്നതിനിടെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെയാണ് അതിസാഹസികമായി പുറത്തെത്തിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തായ് രക്ഷാസംഘം അറിയിച്ചു.
ലാവോസ് തലസ്ഥാനമായ വിയന്റിയനിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള മധ്യ സെയ്സോംബൂൺ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയോര മേഖലയിൽ മെയ് 20-നാണ് സംഭവം നടന്നത്. സ്വർണം തേടി ഗുഹയിലിറങ്ങിയ സംഘം അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും അകപ്പെടുകയായിരുന്നു.
ഗുഹയ്ക്കുള്ളിലെ പല വഴികളും വെറും 50 സെന്റീമീറ്റർ മാത്രം വ്യാസമുള്ള അതീവ ഇടുങ്ങിയ പാതകളായതിനാൽ രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഗുഹാ കവാടത്തിൽ നിന്നും 300 മീറ്റർ താഴ്ചയിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് അഞ്ചുപേരെ കണ്ടെത്തിയത്. ദിവസങ്ങളോളം പട്ടിണി കിടന്നതിനാൽ അതീവ ക്ഷീണിതരായ ഇവർക്ക് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്.
ആദ്യം ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ഇവരെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിച്ചത്. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ ഈ നീക്കം പരാജയപ്പെട്ടു. തുടർന്ന് വിദഗ്ധരായ ഡൈവർമാരെ (മുങ്ങൽ വിദഗ്ധർ) ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെത്തിക്കാനുള്ള കടുത്ത ശ്രമം ആരംഭിക്കുകയായിരുന്നു. ആദ്യയാളെ പുറത്തെത്തിച്ച രീതി ദൗത്യസംഘം വെളിപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ള നാലുപേരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇവരെയും പുറത്തെത്തിക്കും. കാണാതായ മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ ശനിയാഴ്ചയും തുടരും.
ലാവോസ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം തായ്ലൻഡ്, ഇന്തോനേഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധർ നിലവിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 2018-ൽ ലോകത്തെ നടുക്കിയ തായ്ലൻഡിലെ ‘ഥാം ലുവാങ്’ ഗുഹാ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ലാവോസിലും ഉണ്ടായിരിക്കുന്നത്.
അന്ന് തായ്ലൻഡിൽ രണ്ട് ആഴ്ചയിലധികം ഗുഹയിൽ കുടുങ്ങിയ 12 കാൽപന്ത് കളിക്കാരെയും അവരുടെ കോച്ചിനെയും രക്ഷിച്ച ദൗത്യത്തിൽ പങ്കാളിയായ ഫിൻലൻഡ് സ്വദേശിയായ പ്രമുഖ മുങ്ങൽ വിദഗ്ധൻ ഈ ലാവോസ് രക്ഷാദൗത്യത്തിലും നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.





















