Abhijeet Dipke Cockroach Janta Party CJP viral trend
അലഹബാദ്: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജിത്ത് ദീപ്കെക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിറാണ് ഈ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. യുവാക്കളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാൻ പാർട്ടി ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ രാജ്യത്തിനെതിരായ നീക്കങ്ങൾ തടയുന്നതിനായി കോക്രോച്ച് ജനത പാർട്ടിയുടെ എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ എല്ലാ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഉടനടി ബ്ലോക്ക് ചെയ്യാൻ അടിയന്തര ഉത്തരവിടണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലില്ലായ്മ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ പരിഹാസ രൂപേണയുള്ള മീമുകളിലൂടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുത്ത ഡിജിറ്റൽ മുന്നേറ്റമാണ് കോക്രോച്ച് ജനത പാർട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിൽ നിന്നാണ് ഈ ട്രെൻഡ് ആരംഭിച്ചത്. എന്നാൽ ഈ അക്കൗണ്ടുകളിലെ ഫോളോവേഴ്സിൽ പകുതിയോളം പേർ പാകിസ്താനിൽ നിന്നുള്ളവരാണെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വിദേശ നീക്കങ്ങളുടെ ഭാഗമാണിതെന്നും ബിജെപി നേതാക്കൾ മുൻപ് ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ അഭിജിത്ത് ദീപ്കെ, തങ്ങളുടെ ഫോളോവേഴ്സിൽ 94 ശതമാനത്തിലധികം പേരും ഇന്ത്യൻ യുവാക്കൾ തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്തതും ഇതേ ഹർജിക്കാരനായ എസ്. വിഗ്നേഷ് ശിശിറായിരുന്നു. ഹർജി വരും ദിവസങ്ങളിൽ കോടതി വിശദമായി പരിഗണിച്ചേക്കും.























