ലണ്ടൻ: ഒന്റാറിയോയിലെ സ്വകാര്യ, ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ലോങ്-ടേം കെയർ (ദീർഘകാല പരിചരണ) കേന്ദ്രങ്ങളിലെ നഴ്സുമാരും തൊഴിലുടമകളും തമ്മിലുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വിഷയം നിർണായകമായ ആർബിട്രേഷൻ (മധ്യസ്ഥത) നടപടികളിലേക്ക് കടക്കുന്നു. ഒന്റാറിയോ നഴ്സസ് അസോസിയേഷന്റെ (ONA) നേതൃത്വത്തിൽ അയ്യായിരത്തോളം നഴ്സുമാരാണ് ശമ്പള വർദ്ധനവും തുല്യതയും ആവശ്യപ്പെട്ട് രംഗത്തുള്ളത്. നിലവിലെ മധ്യസ്ഥ ചർച്ചാ സംവിധാനം തകരാറിലാണെന്നും തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നഴ്സിംഗ് യൂണിയൻ നിയമപോരാട്ടവും ശക്തമാക്കിയിട്ടുണ്ട്.
ഒന്റാറിയോയിലുടനീളമുള്ള സ്വകാര്യ നഴ്സിംഗ് ഹോമുകളിൽ സേവനമനുഷ്ഠിക്കുന്ന ഏകദേശം 4,400-ലധികം നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും ബാധിക്കുന്നതാണ് പുതിയ പ്രതിസന്ധി. സർക്കാർ മേഖലയിലെയും ജനറൽ ആശുപത്രികളിലെയും നഴ്സുമാർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും ശമ്പളവും തങ്ങൾക്കും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഒന്റാറിയോ നഴ്സസ് അസോസിയേഷൻ (ONA) പ്രധാനമായും മുന്നോട്ട് വെക്കുന്നത്. നിലവിൽ, ഒരേ സ്വഭാവമുള്ള ജോലിയാണ് ചെയ്യുന്നതെങ്കിലും സ്വകാര്യ ദീർഘകാല പരിചരണ കേന്ദ്രങ്ങളിലെ നഴ്സുമാർക്ക് മണിക്കൂറിൽ $10 മുതൽ $15 ഡോളർ വരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. ഇത് നഴ്സിംഗ് മേഖലയിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുവെന്ന് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യ മേഖലയിലെ പ്രമുഖ നഴ്സിംഗ് ഹോം ശൃംഖലകൾ വലിയ ലാഭം കൊയ്യുമ്പോഴും മുന്നണിപ്പോരാളികളായ നഴ്സുമാരുടെ വേതനത്തിൽ വിവേചനം കാണിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ഒ.എൻ.എ പ്രസിഡന്റ് എറിൻ അരീസ് (Erin Ariss) വ്യക്തമാക്കി. ഒന്റാറിയോയിലെ പ്രമുഖ നഴ്സിംഗ് ഹോം ഗ്രൂപ്പായ എക്സ്റ്റൻഡികെയർ (Extendicare) 2025-ൽ മാത്രം 96 മില്യൺ ഡോളറിന്റെ ലാഭമാണ് രേഖപ്പെടുത്തിയത്; ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് നൽകുന്ന ഫണ്ടുകൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകാനല്ല, മറിച്ച് മികച്ച പരിചരണത്തിനും നഴ്സുമാർക്ക് അർഹമായ വേതനം നൽകാനുമാണ് വിനിയോഗിക്കേണ്ടതെന്ന് യൂണിയൻ വാദിക്കുന്നു.
ഒന്റാറിയോയിലെ നിയമപ്രകാരം അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ നഴ്സുമാർക്ക് ജോലി നിർത്തിവെച്ച് സമരം ചെയ്യാനുള്ള (Right to Strike) അവകാശമില്ല. ‘ഹോസ്പിറ്റൽ ലേബർ ഡിസ്പ്യൂട്ട്സ് ആർബിട്രേഷൻ ആക്ട്’ (HLDAA) പ്രകാരമാണ് തർക്കങ്ങൾ പരിഹരിക്കാൻ നിർബന്ധിത ആർബിട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം തികച്ചും കാലഹരണപ്പെട്ടതാണെന്നും ജീവനക്കാരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതാണെന്നും നഴ്സസ് അസോസിയേഷൻ ആരോപിക്കുന്നു. സമരം ചെയ്യാനുള്ള അവകാശത്തിനായി യൂണിയൻ ഇതിനോടകം തന്നെ കാനഡയിൽ ഭരണഘടനാപരമായ വെല്ലുവിളി (Constitutional Challenge) ഉയർത്തി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമം പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് അവരുടെ വാദം.
ഒന്റാറിയോയിലും പ്രത്യേകിച്ച് ലണ്ടൻ, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലും ലോങ്-ടേം കെയർ മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരെയും പേഴ്സണൽ സപ്പോർട്ട് വർക്കർമാരെയും (PSW) നേരിട്ട് ബാധിക്കുന്നതാണ് ഈ തർക്കം. കാനഡയിലെ ആരോഗ്യ മേഖലയിലേക്ക് കുടിയേറുന്ന മലയാളി നഴ്സുമാരുടെ ശമ്പള വ്യവസ്ഥകളിലും സേവന സാഹചര്യങ്ങളിലും ഈ ആർബിട്രേഷൻ വലിയ സ്വാധീനം ചെലുത്തും. ഒന്റാറിയോ ലോങ്-ടേം കെയർ അസോസിയേഷൻ (OLTCA) മധ്യസ്ഥ ചർച്ചകൾ ഫലപ്രദമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, പ്രൊഫഷണലുകളുടെ അർഹമായ ആവശ്യങ്ങളോട് ഉടമകൾ ഇനിയെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളി സമൂഹം.
























