Kerala vehicle modification rules MVD
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളിൽ വലിയ തോതിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന വാഹനപ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. നിലവിൽതന്നെ മൗനാനുവാദമുള്ള 18 പതിവ് മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി മോട്ടോർവാഹനവകുപ്പ് ഗവൺമെന്റിന് ശുപാർശ സമർപ്പിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമം കടുത്ത നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനാലാണ് സംസ്ഥാനത്തിന് വലിയ ഇളവുകൾ നൽകാൻ പരിമിതികളുള്ളതെന്ന് ഗതാഗത കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം ഏതൊക്കെ ഇളവുകൾ അനുവദിക്കാമെന്ന് പഠിക്കാൻ നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഗതാഗത കമ്മിഷണർ ഈ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
കേന്ദ്ര ഏജൻസികളുടെ മോഡൽ അംഗീകാരം നേടുന്ന സമയത്തുള്ള ഘടനയിൽ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അതുകൊണ്ട് തന്നെ പുതിയ ശുപാർശ പ്രകാരം സീറ്റ് കവർ, ഫ്ലോർ മാറ്റ്, സൺ ഫിലിം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ മാത്രമേ ഇനി നിയമപരമായ ഇളവ് ലഭിക്കൂ. റിപ്പോർട്ട് പ്രകാരം കേന്ദ്ര നിയമങ്ങളുടെ കർശനമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സംസ്ഥാന ഗവൺമെന്റിന് അനുവദിക്കാൻ സാധിക്കുന്ന 18 തരം മോഡിഫിക്കേഷനുകളുടെ പട്ടികയാണ് മോട്ടോർവാഹനവകുപ്പ് നൽകിയിട്ടുള്ളത്.
-
അടിസ്ഥാന മാറ്റങ്ങൾ: സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് കവർ, ക്രോം ഗാർനിഷ്, ഡോർ വൈസർ, മഡ് ഫ്ലാപ് എന്നിവയാണ് ഈ പട്ടികയിലുള്ള പ്രധാന ഇനങ്ങൾ. വിപണിയിൽ നിലവിൽതന്നെ യാതൊരു തടസ്സവുമില്ലാതെ ഉടമകൾ ചെയ്തുവരുന്ന ഇത്തരം പതിവ് മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ ഔദ്യോഗിക പട്ടികയിലും ഇടംപിടിച്ചിരിക്കുന്നത്.
-
സാങ്കേതിക സംവിധാനങ്ങൾ: സാങ്കേതികവും സുരക്ഷാപരവുമായ മറ്റ് സംവിധാനങ്ങളിൽ ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കിങ്, ടയർ പ്രഷർ മോണിറ്റർ എന്നിവ ഘടിപ്പിക്കാൻ അനുമതിയുണ്ടാകും. വിനോദ ഉപാധികൾക്കായി ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അധികം സ്പീക്കറുകൾ എന്നിവയും ഇതിനൊപ്പം അനുവദിക്കും.
-
മറ്റ് അലങ്കാരങ്ങൾ: ബോഡി സ്റ്റിക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ് എന്നിവ മാന്യമായ രീതിയിൽ ഉപയോഗിക്കാം. വാഹന സുരക്ഷയ്ക്കുള്ള ഹുക്കുകൾ, ലഗേജ് ക്യാരിയർ എന്നിവയ്ക്കൊപ്പം 50 ശതമാനം സുതാര്യമായ സൺ ഫിലിം ഒട്ടിക്കുന്നതിനും ശുപാർശയിൽ ഇളവുണ്ട്.
കേന്ദ്ര ഏജൻസികളുടെ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഓരോ വാഹന മോഡലിനും നിരത്തിലിറങ്ങാനുള്ള അനുമതി പത്രം ലഭിക്കുന്നത്. ഇതിനാൽ തന്നെ, വാഹനപ്രേമികൾ പ്രതീക്ഷിച്ചതുപോലെയുള്ള സൈലൻസർ മാറ്റം, എഞ്ചിൻ ട്യൂണിങ് അല്ലെങ്കിൽ ഘടനാപരമായ വലിയ മാറ്റങ്ങൾ എന്നിവയ്ക്ക് അനുമതി നൽകാൻ സംസ്ഥാന ഗവൺമെന്റിന് നിയമപരമായ അധികാരമില്ലെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കുന്നു. ഗതാഗത കമ്മിഷണറുടെ ഈ റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന ഗവൺമെന്റാണ് ഇനി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.





















