നോർവിച്ച്: കാനഡയിലെ നോർവിച്ച് ടൗൺഷിപ്പിൽ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ അഞ്ചായി ഉയർന്നു. ടിൽസൺബർഗ് സ്വദേശികളായ 21-കാരനും 46-കാരനുമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഇതോടെ അപകടസമയത്ത് എസ്യുവിയിൽ ഉണ്ടായിരുന്ന അഞ്ചുപേരും മരണത്തിന് കീഴടങ്ങി.
മാർച്ച് 31-ന് ഉച്ചയ്ക്ക് 3 മണിയോടെ ഹൈവേ 59-ലും ക്വേക്കർ സ്ട്രീറ്റിലുമുള്ള കവലയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അമിതവേഗതയിലെത്തിയ എസ്യുവിയും ട്രാൻസ്പോർട്ട് ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ച് തന്നെ 13-ഉം 17-ഉം വയസ്സുള്ള രണ്ട് കൗമാരക്കാരും കേംബ്രിഡ്ജ് സ്വദേശിയായ 39-കാരനും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട ട്രക്ക് ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം പൂർത്തിയാക്കി. എന്നാൽ അന്വേഷണത്തിനൊടുവിൽ ആർക്കെതിരെയും കുറ്റപത്രം സമർപ്പിക്കില്ലെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.


























